ഫെലുദാ എന്നു വെച്ചാൽ ഫെലുച്ചേട്ടൻ. ദാദാ എന്ന ബംഗാളി സംബോധനയ്ക്ക് ചേട്ടൻ എന്നാണ് മലയാളത്തിൽ അർഥം. ദാദായുടെ ചുരുക്കമാണു ദാ.
1913 ൽ സത്യജിത് റേയുടെ മുത്തച്ഛൻ ശ്രീ ഉപേന്ദ്ര കിഷോർ റേ ആരംഭിച്ച സന്ദേശ് എന്ന കുട്ടികൾക്കായുള്ള മാഗസിൻ ഒരു തലമുറയുടെ ആഹ്ലാദമായിരുന്നു. വളരെ നല്ല നിലവാരം പുലർത്തിയിരുന്ന സന്ദേശിന്റെ ബയൻഡ് ചെയ്ത കോപ്പികൾ സൂക്ഷിച്ചു വെച്ചിരുന്ന മാതാപിതാക്കന്മാരെക്കുറിച്ച് എന്റെ ബംഗാളി സുഹൃത്തുക്കൾ വാചാലരാവാറുണ്ട്. സന്ദേശിന്റെ പ്രസിദ്ധീകരണം നിലച്ചു പോയതിൽ ഒരു ജനത മുഴുവൻ ഖേദിയ്ക്കുമ്പോഴാണ് 1961ൽ സത്യജിത് റേ അത് പുനരാരംഭിയ്ക്കുന്നത്. കുട്ടികൾക്കായി മാത്രം ഒരു പ്രസിദ്ധീകരണം! അതു നിറച്ചും സന്തോഷവും പലതരം കളികളുമായിരുന്നു. സന്ദേശ് എന്ന ബംഗാളി മധുരപലഹാരം നുണയുമ്പോലെ ആഹ്ലാദകരമായ മധുരകരമായ ഒരു വായാനാനുഭവം!
1965 ലാണു ആദ്യമായി ഫെലുദാ പ്രത്യക്ഷപ്പെടുന്നത്. രചയിതാവ് മറ്റാരുമല്ല സാക്ഷാൽ സത്യജിത് റേ തന്നെ. പുനരാരംഭിച്ച സന്ദേശിനെ പ്രചാരത്തിലാക്കുവാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് റേ ഫെലുദാക്കഥ എഴുതുവാൻ തുടങ്ങിയത്. കൌമാരപ്രയക്കാരായ കുട്ടികളായിരുന്നു സന്ദേശിന്റെ വായനക്കാർ. ആദ്യത്തെ ഫെലുദാക്കഥ എഴുതിയപ്പോൾ അത് ഒരു തുടരൻ പ്രസ്ഥാനമാക്കണമെന്ന ആലോചനയൊന്നും റേയ്ക്കില്ലായിരുന്നു. പക്ഷെ, ഫെലുദായുടെ അഭൂതപൂർവമായ പ്രശസ്തി എല്ലാവർഷവും ഓരോ ഫെലുദാ നോവലെന്ന നിലയിലേയ്ക്ക് റേയെ കൊണ്ടെത്തിച്ചു. റേ സ്വയം ഒരു വലിയ വായനക്കാരനായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിയ്ക്കുന്ന ഒരാൾ. സ്കൂളിൽ പഠിയ്ക്കുമ്പോഴേ ഷെർലക് ഹോംസ് കഥകൾ മുഴുവൻ അദ്ദേഹം വായിച്ചു തീർത്തിരുന്നു. ഫെലുദായെ സൃഷ്ടിച്ചതിൽ ഷെർലക്കിനും പങ്കുണ്ടാവാമെന്നർഥം. ഫെലു എന്നത് പ്രദോഷ് ചന്ദ്ര മിത്ര എന്ന ബംഗാളിപ്പേരു ഇംഗ്ലീഷികരിച്ച് പ്രദോഷ് സി മിത്തർ എന്നാക്കിയ പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ വിളിപ്പേരാണ്. ഫെലുദായുടെ വീരശൂരപരാക്രമ കഥകൾ വിളമ്പുന്ന ബന്ധുവും പതിന്നാലുകാരനുമായ തപേശ് ആണ് ഇവിടെ ഡോ വാട്സൺ. ഫെലുദാ അവനെ തോപ്സെ എന്നു വിളിയ്ക്കും.
സത്യജിത് റേ
1965 ലാണ് ഡാർജിലിംഗിലെ കുഴപ്പം എന്ന് പേരുള്ള ആദ്യത്തെ ഫെലുദാക്കഥ സന്ദേശിൽ വരുന്നത്. മൂന്നോ നാലോ കഷ്ണമായ തുടരനായിട്ടാണ് കഥ പ്രത്യക്ഷപ്പെട്ടത്. അടുത്ത വർഷം തന്നെ ചക്രവർത്തിയുടെ മോതിരവും വന്നു. കുട്ടികളും മുതിർന്നവരും ഒരു പോലെ ഫെലുദായിൽ വിസ്മിതരായിത്തീരുകയായിരുന്നു. അപാരമായ കഴിവുകളുള്ള ഒരു ഡിറ്റക്ടീവായിരിയ്ക്കുമ്പോൾ തന്നെ അതീവ സാധാരണക്കാരനായ നമ്മുടെയൊക്കെ വീട്ടുകാരിലൊരാളെപ്പൊലെയായിരുന്നു ഫെലുദാ. വല്യമ്മയുടെയോ അമ്മാവന്റേയോ മുതിർന്ന ഒരു മകനെ പോലെ. തോപ്സെയോട് ഇട്യ്ക്കിടെ വഴക്കിടുകയും അതേ സമയം അവനെ അഗാധമായി സ്നേഹിയ്ക്കുകയും അവനെക്കുറിച്ച് ഉൽക്കണ്ഠപ്പെടുകയും ചെയ്യുന്ന ഒരു ചേട്ടൻ. അവനെ പൂർണമായും വിശ്വസിയ്ക്കുന്ന ഒരു ചേട്ടൻ. വായിയ്ക്കുന്ന ഓരോ കുട്ടിയും ഫെലുദാ സ്വന്തം ചേട്ടനാണെന്ന് കരുതിപ്പോന്നു. സ്വയം തോപ്സെയാണെന്നും വിശ്വസിച്ചു.
ഫെലുദായ്ക്ക് അസൂയാവഹമായ നിരീക്ഷണപാടവമായിരുന്നു. വാൾത്തലപ്പിന്റെ മൂർച്ചയുള്ള ബുദ്ധിയും. സൂര്യനു താഴെയും മുകളിലുമുള്ള ഏതു വിഷയത്തെക്കുറിച്ചും ഫെലുദായ്ക്കറിയാമായിരുന്നു. നല്ലൊരു ക്രിക്കറ്ററായിരുന്ന ഫെലുദയ്ക്ക് ഒരു നൂറ് ഇൻഡോർ ഗെയിംസ് നിശ്ചയമായിരുന്നു. രണ്ട് കൈകൾ കൊണ്ടും ഒരു പോലെ ഭംഗിയായി എഴുതാൻ കഴിഞ്ഞിരുന്നു. ചീട്ടുകൾ കൊണ്ട് എണ്ണമില്ലാത്ത വിദ്യകൾ മന:പാഠമായിരുന്നു. സ്വന്തം ബ്ലൂബുക്കിൽ ഗ്രീക്ക് ഭാഷയിലാണ് കുറിപ്പുകൾ എഴുതിയിരുന്നത്. ഇത്രയൊക്കെ കഴിവുകളുള്ള സ്നേഹവാനായ ഒരു ചേട്ടനെ കിട്ടിയാൽ ആർക്കാണ് കയ്ക്കുന്നത്? പോരാത്തതിന് ആറടി ഉയരവും ഉറച്ച ശരീരവും ആയോധന കലകളിൽ നല്ല മിടുക്കും. 21, രജനി സെൻ റോഡ്, കൽക്കത്ത – 700029 ഈ അഡ്രസ്സിലുള്ള വീട്ടിൽ തോപ്സേയുടെ മാതാപിതാക്കന്മാർക്കൊപ്പമാണ് ഫെലുദാ പാർത്തിരുന്നത്. തോപ്സെയുടെ അച്ഛൻ ഫെലുദായുടെ ചാച്ച ( അച്ഛന്റെ അനിയൻ ) ആയിരുന്നു. ഈ റോഡ് കൽക്കത്തയിലുണ്ടെങ്കിലും ഈ വീട്ട് നമ്പർ റേയുടെ കല്പന മാത്രമായിരുന്നു.
അത്ര എളുപ്പമായിരുന്നില്ല ഫെലുദായുടെ പാത്ര സൃഷ്ടി. കാരണം സാധാരണ ഡിറ്റക്റ്റീവ് കഥകളിലെപ്പോലെ കുറ്റകൃത്യങ്ങളുടെ രക്തം കട്ടിയാക്കുന്ന വർണ്ണനകളോ ലൈംഗികതയുടെ ഇക്കിളി സ്പർശമോ ലവലേശം പുരളാതെ വേണമായിരുന്നു കഥാരചന നടത്തുവാൻ. കുട്ടികളെ ലക്ഷ്യമിട്ട് എഴുതുന്ന കഥയിൽ അവർക്ക് അനുയോജ്യമല്ലാത്ത ഒരു വരി പോലും പാടില്ലായിരുന്നു. ഓരോ ഫെലുദാ കഥ എഴുതിക്കഴിയുമ്പോഴും എന്റെ പക്കൽ ഇനി എഴുതാൻ പ്ലോട്ടൊന്നുമില്ല എന്ന് കൈമലർത്തിക്കാണിച്ചിരുന്ന റേയെക്കുറിച്ച് ഭാര്യ ശ്രീമതി ബിജോയ ഓർമ്മിയ്ക്കുന്നുണ്ട്. എന്നിട്ടും അദ്ദേഹം പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരുന്നു. 1965 നും 1992 നും ഇടയ്ക്ക് 35 ഫെലുദാക്കഥകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടു. അവസാന കഥ (റോബർട് സണ്ണിന്റെ രത്നം) റേ മരിയ്ക്കുന്നതിന് അല്പം മുൻപാണ് എഴുതപ്പെട്ടത്. പ്രസിദ്ധീകരിച്ചത് മരണ ശേഷവും. അസാമാന്യ പ്രതിഭാശാലിയായിരുന്ന സത്യജിത് റേ വളരെ ലളിതമായ ഭാഷയിലാണ് ഫെലുദാക്കഥകൾ എഴുതിയത്. ബോറടിപ്പിയ്ക്കുന്ന ഉപദേശങ്ങളും പ്രബോധനങ്ങളും ഒഴിവാക്കി, യാതൊരു ചുറ്റി വളയ്ക്കലുമില്ലാതെ നേരിട്ട് എന്നാൽ ഹൃദയംഗമമായ അടുപ്പത്തോടെ അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. ലളിതമായി പറയുന്നവയാണ് മനസ്സിൽ തറഞ്ഞ് കയറുക എന്ന പ്രതിഭയുടെ സത്യം തെളിഞ്ഞു കിട്ടിയ ഒരാളായിരുന്നല്ലോ റേ.
തന്നെയുമല്ല, അതി മനോഹരമായ രേഖാചിത്രങ്ങളുടെ അകമ്പടിയോടെയാണ് ഫെലുദാക്കഥകൾ റേ തയാറാക്കിയത്. അനുഗൃഹീത ചിത്രകാരനായിരുന്ന അദ്ദേഹത്തിന്റെ ജീവൻ തുളുമ്പുന്ന വരകൾ ഫെലുദായുടെയും തോപ്സെയുടേയും മറ്റ് കഥാപാത്രങ്ങളുടെയുമെല്ലാം മായാത്ത ചിത്രങ്ങളായി അനുവാചകരുടെ മനം കവർന്നു. പുസ്തകം വായിയ്ക്കുമ്പോൾ സിനിമ കാണുന്ന അനുഭൂതി പകരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
1970 ൽ മുതിർന്നവർക്കുള്ള മാസികയായ ദേശിൽ ഫെലുദാ പ്രത്യക്ഷപ്പെട്ടു. 1970 നും 1992നും ഇടയ്ക്ക് പത്തൊമ്പതു കഥകൾ ദേശിന്റെ ദുർഗാ പൂജാ പതിപ്പിൽ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. മുപ്പത്തിനാലു കഥകളിൽ ബാക്കി പതിനഞ്ചിലെ പതിന്നാലും സന്ദേശിലും ആനന്ദമേള എന്ന മറ്റൊരു കുട്ടികൾക്കായുള്ള മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു.
മൂന്നാമത്തെ പ്രധാന കഥാപാത്രമായ ലാൽ മോഹൻ ഗാംഗുലി അഥവാ ‘ജടായു‘ രംഗപ്രവേശം ചെയ്യുമ്പോൾ ഫെലുദാ കഥകൾ കുട്ടികൾ മാത്രമല്ല, അവരുടെ മാതാപിതാക്കന്മാരും വളരെ താൽപ്പര്യത്തോടെ വായിച്ചു തുടങ്ങിയിരുന്നു. 1971 ലാണ് ജടായു ഫെലുദാക്കഥകളിൽ പറന്നിറങ്ങിയത്. ജടായു തമാശക്കാരനും നമ്മുടെ സാഗർ കോട്ടപ്പുറത്തിനെപ്പോലെയുള്ള ഒരെഴുത്തുകാരനുമായിരുന്നു. മണ്ടത്തരങ്ങൾ കാണിച്ച് തമാശയുണ്ടാക്കലായിരുന്നു ജടായുവിന്റെ രീതി, പലപ്പോഴും ഇത് ഫെലുദായെ അലോസരപ്പെടുത്തിയിരുന്നുവെങ്കിലും. റേ ചെറുപ്പത്തിൽ താമസിച്ചിരുന്ന ഗർപാർ എന്ന സ്ഥലത്താണ് ജടായുവിനും അദ്ദേഹം വീടൊരുക്കിയത്. സുവർണ്ണക്കോട്ടയിലായിരുന്നു ആദ്യം ജടായുവിന്റെ ചിറകടിയുയർന്നത്. പിന്നീട് അദ്ദേഹം ഫെലുദായ്ക്കും തോപ്സെയ്ക്കുമൊപ്പം സ്ഥിരക്കാരനായി. റേ നിർമ്മിച്ച രണ്ട് ഫെലുദാ സിനിമകളിലും (സുവർണ്ണക്കോട്ട – 1974, ജയ് ബാബാ ഫെലുനാഥ് – 1978 ) ജടായു ഉണ്ടായിരുന്നു. സൌമിത്ര ചാറ്റർജി ഫെലുദയായും സന്തോഷ് ദത്ത ജടായു ആയും സിദ്ധാർഥ ചാറ്റർജി തോപ്സെ ആയും വേഷമിട്ട ഈ സിനിമകൾ വളരെ പ്രശസ്തമാണ്. റേയുടെ മരണ ശേഷം സന്ദീപ് റെ നിർമ്മിച്ച ടി വി സീരിയലിലും ( കാഠ്മണ്ഡുവിലെ കഥകൾ ) മറ്റ് ഫെലുദ സിനിമകളിലും ജടായു തീർച്ചയായും ഉണ്ടായിരുന്നു.
1. ഫെലുദാർ ഗോയ്ന്ദഗിരി
2. ബാദ്ഷാഹി അംഗ്ടി (ദ എമ്പറേഴ്സ് റിംഗ്)
3. കൊയിലാഷ് ചൌധുരീർ പഥോർ (കൈലാഷ് ചൌധുരീസ് ജുവൽ)
4. ശെയാൽ ദേബൊതാ രഹസ്യ (ദ അനുബിസ് മിസ്റ്ററി)
5. ഗാംഗ്ടോകി ഗൊന്ദഗോൾ (ട്രബിൾ ഇൻ ഗാംഗ്ടോക്)
6. സോണാർ കില്ല (ദ ഗോൾഡൻ ഫോർട്രസ്സ്)
7. ബാൿഷോ രഹസ്യ (എ മിസ്റ്റീരിയസ് കേസ്, ദ മിസ്റ്ററി ഓഫ് ദ കാൽക്കാ മെയിൽ)
8. ഘുർ ഘുടിയാർ ഘടോന (ദ ലോക്ഡ് ചെസ്റ്റ്)
9. റോയൽ ബംഗാൾ രഹസ്യ (ദ റോയൽ ബംഗാൾ മിസ്റ്ററി)
10. സമ്മദറേർ ചാബി (ദ കീ)
11. ജൊയ് ബാബ ഫെലുനാഥ് (ദ മിസ്റ്ററി ഓഫ് ദ എലിഫന്റ് ഗോഡ്)
12. ബോംബെയർ ബോംബെറ്റെ (ദ ബുക്കാനീർസ് ഓഫ് ബോംബെ)
13. ഗോരോസ്ഥാനെ സാബ്ധാൻ (ട്രബിൾ ഇൻ ദ ഗ്രേവ് യാർഡ്)
14. ചിന്നാമാസ്റ്റർ അഭിശാപ് (ദ കെഴ്സ് ഓഫ് ദ ഗോഡെസ്സ്)
15. ഹത്യാപുരി (ദ ഹൌസ് ഓഫ് ഡെത്ത്)
16. ഗോലോക് ധാം രഹസ്യ (ദ് മിസ്റ്ററി അറ്റ് ഗോലോക് ലോഡ്ജ്)
17. ജാദോ കണ്ഡോ കാഠ്മണ്ഡ് തെ (ദ ക്രിമിനൽ സ് ഓഫ് കാഠ്മണ്ഡു)
18. നെപ്പോളിയനേർ ചിഠി (നെപ്പോളിയൻസ് ലെറ്റർ)
19. ടിന്റോറെറ്റർ ജിഷു (ടിന്റോറെറ്റേർസ് ജീസസ്സ്)
20. അംബർസെൻ അന്തർദ്ധാൻ രഹസ്യ (ദ ഡിസപ്പിയറൻസ് ഓഫ് അംബർസെൻ)
21. ജഹാംഗീറേർ സ്വൊർണോ മുദ്ര (ദ ഗോൾഡ് കോയിൻസ് ഓഫ് ജഹാംഗിർ)
22. എബർ കണ്ഡോ കേദാർനാഥേ (ക്രൈം ഇൻ കേദാർനാഥ്)
23. ബോസ് പുക്കുറെ ഖൂൻ ഖരാബി (ദ ആചാര്യ മർഡർ കേസ്)
24. ഡാർജിലിംഗ് ജോംജൊമാത് (ഡേഞ്ചർ ഇൻ ഡാർജിലിംഗ്)
25. അപ്സരാ തിയേറ്ററെ മാം ല (ദ കേസ് ഓഫ് ദ അപസരാ തിയേറ്റർ)
26. ഭുസ്വർഗ്ഗൊ ഭയങ്കർ (പെരിൽ ഇൻ പാരഡൈസ്)
27. ശകുന്തോള കണ്ട ഹാർ (ദ നെക്ലേസ് ഓഫ് ശകുന്തള)
28. ലണ്ടനെ ഫെലുദാ (ഫെലുദാ ഇൻ ലണ്ടൻ)
29. നയോൻ രഹസ്യ (ദ മിസ്റ്ററി ഓഫ് നയൻ)
30. ഗോലാപി മുക്തോ രഹസ്യ (ദ മിസ്റ്ററി ഓഫ് ദ പിങ്ക് പേൾ)
31. ഡോ മുൻഷിർ ഡയറി (ഡോ. മുൻഷീസ് ഡയറി)
32. കൈലാഷേ കേലേൻ കരി (എ കില്ലർ ഇൻ കൈലാഷ്)
33. ഗോസായിൻപൂർ സർഗരം (ദ മിസ്റ്ററി ഓഫ് ദ വാക്കിംഗ് ഡെഡ്)
34. റോബർട്ട് സണേർ റൂബി (റോബർട് സൺസ് റൂബി)
35. ഇന്ദ്രോജാൽ രഹസ്യ (ദ മാജിക്കൽ മിസ്റ്ററി)
ഇത്രയും പുസ്തകങ്ങളാണ് ഫെലുദാ സിരീസിൽ റേ എഴുതിയിട്ടുള്ളത്. പ്രമുഖ വിവർത്തകയായ ശ്രീമതി ചിത്രിതാ ബാനെർജി 1988 ൽ ആദ്യ വിവർത്തനം പുറത്തിറക്കി. ദ അഡ്വെഞ്ചേർസ് ഓഫ് ഫെലുദാ എന്ന പേരിലിറങ്ങിയ ഈ ആദ്യ സംരംഭത്തിൽ പ്രധാനപ്പെട്ട നാലു വലിയ ഫെലുദാ കഥകളാണ് ഉണ്ടായിരുന്നത്.
ചില ഫെലുദാ ചിത്രങ്ങള്‍


അതിനുശേഷം 1995 ൽ ഫെലുദാ പുസ്തകങ്ങൾ മുഴുവനും ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റപ്പെടുകയും പെൻഗ്വിൻ പബ്ലിഷേഴ്സ് അവ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി ഗോപാ മജുംദാർ ആണു വിവർത്തക.
ഗാംഗ്ടോക്കിലെ കുഴപ്പം എന്ന ഫെലുദാക്കഥ ഡി സി ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നത് വിപണിയിൽ ലഭ്യമാണോ എന്നറിയില്ല.
പലതരം വെല്ലുവിളികളെ ധൈര്യപൂർവം നേരിട്ട് അത്യുന്നതിയിലെത്തുവാൻ സാധിച്ച ഒരു എഴുത്തുകാരനും സിനിമാപ്രവർത്തകനും പ്രസാധകനും ചിത്രകാരനും …..അങ്ങനെയെന്തെല്ലാമോ ആണ് സത്യജിത് റേ. എന്നാൽ ഫെലുദാക്കഥകളുടെ രചയിതാവ് എന്ന ഒറ്റക്കാരണം കൊണ്ട് വിവിധ തലമുറകളിലുള്ള കുട്ടികളുടെ മനസ്സിൽ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിയിരിയ്ക്കുന്നു. റേ എന്ന സിനിമാപ്രവർത്തകനെ ഓർമ്മിയ്ക്കുന്നതിലും അടുപ്പത്തോടെയും സ്നേഹത്തോടെയും നമ്മുടെ സ്വന്തം എന്ന വിചാരത്തോടെയും അവർ ഫെലുദാക്കഥകളുടെ രചയിതാവിനെ ഓർമ്മിയ്ക്കും 
(എന്റെ ബംഗാളി സുഹൃത്തുക്കളോടും ഫെലുദാക്കഥകളുടെ വിവർത്തകരോടും വിക്കിപീഡിയയോടും കടപ്പാട്)
-
http://www.neehaarabindhukkal.blogspot.com/ Sabumh
-
Remesh Aroor
-
Kmsathees
-
Mukthar Udarampoyil
-
Indiaheritage
-
Sreekumar Cm1976
-
http://profiles.google.com/shanavasthazhakath shanavas thazhakath
-
Prasanna Aryan
-
http://profiles.google.com/yousufpa mod.yousuff pezhuntharayil
-
Amantowalkwith
-
ramji
-
babu baburaj
-
Rosappookkals
-
റോസാപ്പൂക്കള്‍
-
Sreenadhan
-
Vnjayaprasad
-
Anilmangote
-
Anilmangote